Monday, October 18, 2010

തെയ്യം കലാകാരനും തെയ്യക്കാരനും




ഞങ്ങളുടെ ചെറുപ്പത്തില്‍ കതിവന്നൂര്‍ വീരന്‍ തെയ്യം കെട്ടിയിരുന്നത് കൊരേട്ടന്‍ ആയിരുന്നു. ടി വി കാണാന്‍ പോലും തുടങ്ങിയിട്ടില്ലായിരുന്ന ഞങ്ങള്‍ കുട്ടികളുടെ ആരാധ്യ പുരുഷന്‍. ഒന്നു രണ്ടു മണിക്കൂര്‍ പയറ്റും പയറ്റി, ഗാംഭീര്യത്തില്‍ തോറ്റവും ചൊല്ലി, കതിവന്നൂര്‍ വീരനായി ഇറങ്ങി വരുന്ന കൊരേട്ടനെ ഞങ്ങള്‍ സാറ്റ് (ഒളിച്ചും പാത്തും ) കളിയുടെ ഇടവേളകളില്‍ കൌങ്ങിന്റെ പാളയും തെങ്ങിന്റെ ഓലയും കെട്ടി അനുകരിക്കുമായിരുന്നു. ടി വി കണ്ടു തുടങ്ങിയപ്പോള്‍, തെങ്ങിന്‍ മടലുകൊണ്ട് ക്രിക്കറ്റ്‌ കളിക്കുന്ന ഇടവേളകളില്‍, മോഹന്‍ ലാലും കീരിക്കാടന്‍ ജോസുമായി കെട്ടിമറിഞ്ഞ് കൊണ്ട് അടികൂടുന്നതിനു വര്‍ഷങ്ങള്‍ക്കു മുംപാണിത് .

ഇന്ന്‍ , തെയ്യം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത് രാത്രിയില്‍ പല സമയങ്ങളിലായി വീട്ടിലേക്ക് ഉണര്‍ന്നു കേള്‍ക്കുന്ന ചെണ്ടയുടെ ഒച്ചയും , ദൂരെ വളപ്പുകളിലൂടെയും പാട വരമ്പത്തൂടെയും ചൂട്ടും കത്തിച്ചുള്ള ആളുകളുടെ പടയുമാന്ന്‍. വീട്ട്ന്റെ അട്ത്തുള്ള കതിവന്നൂര്‍ വീരന്റെ കാവില്‍ രാവിലെ അഞ്ചു മണിക്ക് അടുപ്പിച്ച്ചാണ് തെയ്യത്തിന്റെ കീയല്‍ ( കാവിലെക്കുള്ള ഇറക്കം). ഇറങ്ങാനാകുംപോളുള്ള ഉറക്കെയുള്ള കൊട്ടും '..ചെമ്മരത്തീ ...' എന്ന് നീട്ടി പിടിച്ചുള്ള തോറ്റവും കേട്ട് കൊണ്ട് ഉറക്കത്തില്‍ നിന്നെഴുന്നേറ്റു, 'ഇറങ്ങിയോ, ഇല്ലയോ' എന്നുള്ള സംശയത്തോടെ ചൂട്ടും കത്തിച്ചു കൊണ്ട് ഒറ്റ ഓട്ടമാണ്. ഓടിയെത്തുമ്പോള്‍ പലപ്പോഴും തോറ്റം തീര്‍ന്നിട്ടുണ്ടാവില്ല. ഓല മറചിട്ടുണ്ടാക്കിയ അണിയറയില്‍ തെയ്യം കെട്ടല്‍ നടക്കുന്നുണ്ടാവും. ഞാന്‍ ആലോചിക്കും ഇനി രണ്ടു മൂന്നു മണിക്കൂര്‍ തെയ്യവുമാടി അരയാക്കിലുള്ള പഴയ ജന്മിയുടെടടുത്തെക്കും അവിടുന്ന് ചുഴലി ഭാഗവതീന്ടടുത്തെക്കും മൂന്നു നാല് കിലോമീറ്റര്‍ പൊരി വെയിലത്ത് നടന്ന്‍ വൈകുന്നേരം മുടി അഴിക്കും വരെ ഒന്നു മൂത്രമോഴിക്ക്വ പോലും ചെയ്യാണ്ട് എങ്ങനെ ന്ക്കാന്‍ പറ്റുന്ന്‍ എന്ന്‍.

അമ്പലങ്ങളില്‍ പോകാന്‍ ഞങ്ങളുടേത് പോലെ ഉള്ള പാര്‍ടിക്കാരുടെ കുടുംബങ്ങള്‍ക്കൊക്കെ മടി ഉണ്ടായിരുന്നെങ്കിലും കാവുകള്‍ക്ക് ആ പ്രശ്നമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും 'പറശ്ശിനി മടപ്പുര' പാര്ടിക്കാരുടെ സ്വന്തം കാവെന്നും അവിടത്തെ 'മുത്തപ്പന്‍ ' തെയ്യം ആദിമ കമ്മ്യുനിസ്ടാനെന്നും നാട്ടുകാര്‍ പറയാറുണ്ട് . അതുകൊണ്ട് 'പറശ്ശിനി'യില്‍ പോക്കും പുഴ കടന്ന്‍ അക്കരെ ഉള്ള പ്രശാന്ത സുന്ദരമായ കള്ള് ഷാപ്പില്‍ നിന്നും 'നിവേദ്യവും ' കപ്പയും മീനും കഴിക്കലും പല നാട്ടുകാരുടെയും ഒഴിവു ദിവസത്തിലെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ നാട്ടുകാരും ഒത്തു കൂടുന്ന ഒരുല്സവമായിരുന്നെങ്കിലും തെയ്യം കേട്ടുന്നതിനും ചെണ്ട കൊട്ടുന്നതിനും ജാതി തിരിച്ചുള്ള കീഴ്വഴക്കങ്ങള്‍ ഇന്നും നില നില്‍ക്കുന്നുണ്ട്. വീടിന്റടുത്ത് തന്നെ ഒരേ കാവില്‍ വര്‍ഷത്തില്‍ രണ്ടു സമയങ്ങളിലായി നമ്പിയാന്മാരും തീയ്യരും അവരുടെതായ തെയ്യം കഴിക്കുന്നു. ഒരേ തെയ്യം തന്നെ പല ജാതിക്കാര്‍ കെട്ടുമ്പോള്‍ പുരാവൃത്തങ്ങളിലും തോറ്റങ്ങളിലും രസകരമായ വ്യത്യാസങ്ങളുണ്ട് . വിഷ്ണു നാരായണന്‍ (നമ്പൂതിരി) എഴുതിയ 'തോറ്റങ്ങള്‍' എന്ന ഫോകലോര്‍ കൃതി എല്ലാ തെയ്യക്കാരും ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഇങ്ങനെ ഉള്ള വ്യത്യാസങ്ങളൊക്കെ പലതും അപ്രത്യക്ഷങ്ങള്‍ ആയതായി ഒരു തെയ്യക്കാരന്‍ പറഞ്ഞു.

പരിഷത്തുകാര്‍ കലാ ജാഥയുടെ ഭാഗമായി ജാതി ഒന്നും നോക്കാതെ ആചാരങ്ങളൊന്നും ചെയ്യാതെ തെയ്യ കോലങ്ങള്‍ റോഡിലൂടെ നടത്തിച്ചപ്പോള്‍ പല നാട്ട്ടുകാരും, 'തെയ്യം കേട്ട്യോന്റ്യല്ലം തല പൊട്ടി തെറിക്ക്ന്നത് ന്ങ്ങള്‍ കണ്ടോ'ന്നു പറഞ്ഞെങ്കിലും കലാജാഥയുടെ ഭാഗമായുള്ള ചില പടക്കങ്ങള്‍ പോട്ടിയാതെ ഉള്ളൂ.

വീടിന്റെ മുന്ന്‍ലൂടെ ഒഴുകുന്ന തോടിനെ 'കോരന്റെ തോട് ' എന്നാണു എല്ലാവരും വിളിച്ചിരുന്നത്. ഈ കോരന്‍ തന്നെയാണോ ഞങ്ങളുടെ വീര പുരുഷനായ കൊരേട്ടന്‍ എന്ന് ഞങ്ങള്‍ പ്ളെരോക്കെ തര്‍ക്കിച്ച്ചിര്‍ന്നെങ്കിലും, കാലം പോയപ്പോ ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി മറ്റു പലതിനോപ്പം അതും കെട്ടടങ്ങി. കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി തളിപ്പരംബ് താലൂക്ക് ആശുപത്രി (ധര്മ്മാശ്വത്രി) യുടെ മുന്നിലൂടെ പോകുമ്പോള്‍ അതിനു മുന്നിലുള്ള കൊരെട്ടന്റെ തട്ട് കട കണ്ട്‌ ഞാന്‍ നോക്കാറുണ്ട് . ചിലപ്പോള്‍ ഇറങ്ങി ചായേം സുഗിയനോ, ഉള്ളി വടയോ അടിക്കാറുമുണ്ട് . തെയ്യം കെട്ടലിന്റെ അധ്വാനവും കള്ള് കുടിയും കാരണമായിരിക്കാം ആള് രോഗവാനാകുകയും പിന്നീട് ഭാര്യയോടൊപ്പം തട്ട് കടയിലേക്ക് കടക്കുകയും ചെയ്യുകയുമാന്‍ ഉണ്ടായത് .

'എന്ത്ണ്ടെടോ...... ആട്ടപ്പ നീ ഞങ്ങള്യോന്നും മറന്നില്ലല്ല ' എന്ന് വേറെ ഏതൊരു നാട്ടുകാരനും എന്നോട് ചോദിക്കുന്നത് പോലെ കൊരെട്ടനും ഒന്നു ചോദിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു. പക്ഷെ അത് ഒരിക്കലും സാധ്യമായിരുന്നില്ല. കാരണം, ഞങ്ങള്‍ എന്നും അപരിചിതരായിരുന്നു.

4 comments:

Arun said...

Good man. Iniyum poratte. Keep writing.

Sujith M S said...

its really good
have a nostalgic feeling
im always wondering y dis artisits r so fond of liquors

അനില്‍ ചോര്‍പ്പത്ത് said...

തെയ്യങ്ങള്‍ (ദൈവങ്ങള്‍ ) കള്ള് കുടിക്കും . അപ്പോള്‍ പിന്നെ തെയ്യം കലാകാരന്‍ കുടിക്കാതിരിക്കുമോ ? :-)

Anonymous said...

well written.