Thursday, December 16, 2010

കുട്ടിസ്രാങ്ക് - പെണ്‍നോട്ടങ്ങളെ പറ്റിയുള്ള ആകുലതകള്‍


നായകനെ, അയാളിലൂടെ സ്നേഹം ലഭിച്ച മൂന്നു പെണ്ണുങ്ങള്‍ എങ്ങനെ നോക്കി കാണുന്നു എന്നതാണ് കുട്ടിസ്രാങ്കിലെ പ്രധാന പ്രമേയം. എപ്പൊഴും പെണ്‍ കര്ത്ത്രിത്വം ( female subjectivity) എന്നത് ആണുങ്ങളെ, പ്രത്യേകിച്ച് ആണ്‍ കലാകാരന്മാരെ കുഴക്കുന്ന ഒരു പ്രശ്നമാണ്. പെണ്ണുങ്ങളുടെ ചിന്താ ലോകം അടുത്തിടപഴകുന്ന സ്ത്രീകളില്‍ നിന്നും മനസ്സിലാക്കാം എങ്കിലും, അവര്‍ എങ്ങനെ സംഭവങ്ങള്‍ നോക്കികണ്ടിരിക്കാം, ഉള്ളില്‍ ദ്രിശ്യ വല്ക്കരിച്ച്ചിരിക്കാം എന്നത് ആന്നുങ്ങളെ സംബന്ധിച്ച് ഒരു പ്രഹേളിക ആണ് . അതിനെ അതിലംഖിക്കുവാന്‍, ഷാജി മൂന്നു പെണ്ണുങ്ങള്‍ എങ്ങനെ സ്രാങ്കിനെ പറ്റിയുള്ള ഓര്‍മ്മകള്‍ പറഞ്ഞിരിക്കാം എന്നത് അതിന്റെ അവ്യക്തതകളോടെയും നാടകീയതയോടെയും വരണശബളിമയോടെയും ദ്രിശ്യവല്‍ക്കരിചിരിക്കുന്നു. മൂന്നു പേര് കഥ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി സംവിധായകന്‍ തന്റെയും സ്ത്രീയായ ക്യാമറ വുമന്‍റെയും കണ്ണിലൂടെ ആണ് കഥ നോക്കി കാണുന്നത് എന്നത് ഓര്‍ക്കേണ്ടതാണ് . സാങ്കല്‍പ്പിക ലോകം സൃഷ്ടിക്കുമ്പോള്‍ തന്നെ അതിനെ നയിക്കേണ്ടത് സംവിധായകന്റെ ദര്‍ശനമായിരിക്കണം എന്നൊരു കാഴ്ചപ്പാട് സിനിമയില്‍ ഉയര്‍ത്തി പിടിക്കുന്നു. അവസാനം 'എനിക്കതാണിഷ്ടം ' എന്ന് പെമ്മേണ പറയുന്നതിലൂടെ പോലീസുകാരുടെ ആണ്‍യുക്തിക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള, പെണ്ണുങ്ങളുടെ സ്വയം നിരണയിക്കുവാനുള്ള അവകാശത്തെയും ആധികാരികതയും ഉറപ്പിക്കുകയും ചെയ്യുന്നു.


കേരളം, മലയാളികളുടെ മാതൃഭൂമി -
കേരള ചരിത്രത്തില്‍ അവിടവിടെ നമുക്ക് ബന്ധപ്പെടുത്താവുന്ന കണ്ണികള്‍ ഉണ്ടെങ്കിലും ഒരു സാങ്കല്പികലോകമാണ് സിനിമയില്‍. ഇതിലൂടെ കാലത്തിന്റെയും സമയത്തിന്റെയും സാമാന്യ യുക്തിക്കും അപ്പുറത്തേക്ക് കടക്കുവാനും ചെറിയ സമയത്തിനുള്ളില്‍, മുന്നോട്ടു വയ്ക്കുന്ന ദര്‍ശനത്തെ സമഗ്രതയോടെ അവതരിപ്പിക്കുവാനും ഷാജിക്ക് കൈയ്യടക്കത്തോടെ സാധിക്കുന്നു. മൂന്നു പ്രധാന പ്രാദേശികതകളില്‍ (മലബാര്‍, കൊച്ചി , തിരുവിതാംകൂര്‍ ) കൂടി വരുന്ന ഭാഷാ നിര്‍മ്മാണത്തെയും അതിലൂടെ ഉള്ള ദേശനിര്‍മ്മാണത്തെയും ദ്രിശ്യ ശ്രാവ്യ വല്ക്കിരിചിരിക്കുന്നു ഈ സിനിമ. അമേരിക്കന്‍ ഡ്രീമിനെയും ചരിത്രത്തെയും നായക സങ്കല്പത്തെയും പുനര്‍നിര്‍മ്മിക്കുന്നതിലൂടെ മാര്‍ക്കറ്റ്‌ കീഴടക്കുന്ന ഹോളിവൂഡ്‌ സിനിമകളുടെ മലയാള അനുഎഷണത്തിലേക്ക് ചിലപ്പോള്‍ ഈ സിനിമ പോകുന്നു എന്ന് തോന്നുന്നു. ഇതിനു കാരണം ചിലപ്പോള്‍ സിനിമയുടെ വാണിജ്യ വിജയത്തെകുറിച്ചുള്ള പുതിയ അനുഎഷണവും പണത്തിന്‍റെ പ്രത്യേക സ്രോതസ്സുമായിരിക്കാം.

ദ്രിശ്യ ഭാഷ - മറ്റു കലകളില്‍ നിന്നു വ്യത്യസ്തമാക്കുന്ന, സാഹിത്യത്തില്‍ ഭാഷയെപോലെ, ഒരു ഇടനിലക്കാരനായ മാധ്യമത്തിന്റെ ആവശ്യമില്ലാതെ ജീവിതത്തെ കാണിക്കാനുള്ള സിനിമയുടെ കഴിവ് ഈ സിനിമ പരമാവധി വെളിവാക്കുന്നു. ഉദാഹരണത്തിന്, ഒരിക്കലും വിട്ടു മാറാത്ത ഹിംസയുടെ ഓര്‍മ്മകളുടെ വേട്ടയാടല്‍ നായകന്‍റെ മൂക്കില്‍ നിന്ന്‍ ഒലിക്കുന്ന ചോരയുടെ ഓര്‍മ്മപെടുത്തലായി ദ്രിശ്യവല്‍ക്കരിച്ച്ചിരിക്കുന്നു. വളരെ നാടകീയമായ പരിസരവും ദാര്‍ശനികമായ സംഭാഷണങ്ങളും കൊണ്ട് നിറഞ്ഞ ആദ്യ ഖണ്ടത്തിനുശേഷം വരുന്ന realistic ഭാഗം എന്ത് കൊണ്ട് പ്രേക്ഷകനുമായി എളുപ്പം സംവേദിക്കുന്നു എന്നതൊരു ചോദ്യമാണ്. സ്ത്രൈണതയോടടുത്തു നില്‍ക്കുന്ന വില്ലന്‍ സ്വഭാവവും നിഷേധിയായ നായകരും നായകനെ രഹസ്യമായി ആരാധിക്കുന്ന നായികയും ചേര്‍ന്ന് മലയാളത്തിന്റെ മുഖ്യധാരാ സിനിമകള്‍ കാലങ്ങളായി ചവച്ചു തുപ്പിയ വിഷയമാണീ ഭാഗത്ത്. പല സിനിമകളെയും ചുവക്കുകയും ചെയ്യുന്നു. പക്ഷെ, അതില്‍ തന്നെ കലാകാരനും സമൂഹവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും ജനകീയ കലകള്‍ സമൂഹത്തിന്റെ കൂട്ട രതികളെ ത്രിപ്തിപെടുത്തുന്നതിന്റെ ആശ്ശീലതയും ( ചവിട്ടു നാടകത്തില്‍ അതിന്റെ ചരിത്രമറിയാതെ വെറും യുദ്ധമായി ആസ്വദിക്കുന്നത് ) മറ്റു പല ദ്രിശ്യാനുഭവങ്ങളും കൊണ്ട് വരുന്നതിലൂടെ കുട്ടിസ്രാങ്കിനെ പുതിയ തലത്തിലേക്ക് ഷാജി ഉയര്‍ത്തുന്നു. ഇതില്‍ കലാനിര്‍മ്മാണത്തിലെ വിമോചനം സമൂഹത്തിലെ വിമോചന സങ്കല്പങ്ങളുമായ് ഒത്തു പോകുന്നു. മധ്യ വര്‍ഗ്ഗത്തെ ത്രിപ്തിപ്പെടുത്തുന്നതില്‍ വിജയിക്കുകയും ആ ആഘോഷിക്കപെടലില്‍ പെട്ടുപോയി തങ്ങളുടെ സിനിമയെ നവീകരിക്കുന്നതില്‍ പരാജയപ്പെട്ട ഭരതന്‍, പത്മരാജന്‍ എന്നിവരുടെ പല സിനിമകളില്‍ നിന്നും ഈ സിനിമ എന്ത് കൊണ്ടും ഇതിലൂടെ ഉയര്‍ന്നു നില്‍ക്കുന്നു. സമാന്തരമായ ഒരു നിലയിലേക്ക് മലയാളത്തില്‍ നല്ല സിനിമകള്‍ പാര്‍ശ്വവല്‍ക്കരിക്കപെടാനുണ്ടായ കാരണങ്ങളിലേക്ക് ചില അനുഎഷണങ്ങള്‍ നടത്തി അതിനെ മുഖ്യധാരയുമായി ഫലപ്രദമായി ബന്ധിപ്പിച്ച്ചതിലൂടെ ആണ് ഷാജി ഇതില്‍ വിജയിച്ചത് എന്നെനിക്കു തോന്നുന്നു.

നായക സങ്കല്പവും പാട്ട് പാടുന്ന നായികയും- ഭൂരിപക്ഷം സിനിമകളെ പോലെ ഏക നായകനെ ചുറ്റിപറ്റിയുള്ള കഥ ആകുമ്പോള്‍ തന്നെ എന്താണ് ഒരാളെ നായകനാക്കുന്നത് എന്ന ചോദ്യം ഈ സിനിമയില് മുഴങ്ങി കേട്ട് കൊണ്ടിരിക്കുന്നു‍. മൂന്നവസരങ്ങളില്‍ നായകന്‍ ഉയര്‍ത്തിപിടിക്കേണ്ട മൂല്യങ്ങളും നന്മകളും പ്രേക്ഷകന്റെ ഉള്ളില്‍ പ്രശ്നവല്‍ക്കരിക്കുന്നതിലൂടെ ആണിത് സാധിക്കുന്നത്. അടിമ തുല്യമായ വിധേയത്തിനും ബുദ്ധിസത്തിന്റെ നന്മക്കും ഇടക്ക് പെട്ടവനായി ഒന്നാം ഭാഗത്തില്‍ തുടങ്ങി, രണ്ടാം ഭാഗത്തില്‍ അധികാരത്തിനെതിരായ നിഷേധിയായി മാറി, മൂന്നാം ഭാഗത്തില്‍ ആഗ്രഹിച്ചത് രക്ഷിച്ചെടുക്കുന്ന യാത്ര നായകന്‍ നടത്തുന്നതായി കാണാം. ഒരിക്കലും ഒന്നിന്‍റെയും പൂര്‍ണ്ണമായി ഭാഗമാവാതെ, എല്ലാത്തിനെയും ഉള്‍ക്കൊണ്ട്, തീരങ്ങളില്‍ നിന്നു തീരങ്ങളിലേക്കുള്ള ബോട്ട് യാത്ര!!

മറ്റു സിനമ സംസ്കാരത്തില്‍ നിന്നും ഇന്ത്യന്‍ സിനിമ കളെ വ്യത്യസ്തമാക്കുന്നത് ഗാനങ്ങളുമായി അതിനുള്ള അഭേദ്യമായ ബന്ധമാണ്. പ്രണയം വരുമ്പോള്‍ പാട്ട് പാടുന്ന നായിക നമുക്ക് സുപരിചിതമാണ്. അപ്പോള്‍ മിണ്ടാന്‍ പറ്റാത്ത നായിക പ്രണയിച്ചാല്‍ അതെങ്ങനെ ദ്രിശ്യവല്‍ക്കരിക്കെണ്ടിവരും എന്ന ചോദ്യം ഷാജി ഉന്നയിക്കുന്നുണ്ട് .

നിര്‍മ്മാണ പ്രക്രിയ
- മലയാളത്തില്‍ മുമ്പുണ്ടായിരുന്ന നല്ല സിനിമകളുടെ നിര്‍മ്മാനത്തിനാവശ്യമുള്ള പണ സ്രോതസ്സുകളില്‍ നിന്നും വഴിമാറുന്നു ഈ സിനിമ. സര്‍ക്കാര്‍ കാശുപയോഗിച്ച്ചോ നല്ല സിനിമയുണ്ടാവാന്‍ ആഗ്രഹിക്കുന്ന അപൂര്‍വ്വം നിര്‍മ്മാതാക്കള്‍ അല്ലെങ്കില്‍ ചില സുഹൃത്ത് കൂട്ടായ്മകള്‍ വഴിയോ ആണ് പലപ്പോഴും നല്ല സിനിമകള്‍ പുറത്തു വന്നിരുന്നത്. സംവിധായകന് സ്വാതന്ത്രം ലാഭിക്കാര്‍ഉണ്ടെങ്കിലും സിനിമയുടെ സാങ്കേതിക മേന്മയില്‍ മൂലധനത്തിന്റെ അഭാവം മുഴച്ചു നില്‍ക്കുന്നത് പലപ്പോഴും നമ്മള്‍ കണ്ടതാണ് . കുത്തക മുതലാളിത്തത്തിന്റെ കാശുപയോഗിച്ച്, സാങ്കേതിക മേന്മയോടെ അതിന്റെ തന്നെ അധികാരത്തെയും മതം പോലുള്ള മറ്റു അധികാരങ്ങളെയും അധിലംഘിക്കുന്ന ദര്‍ശനം മുന്നോട്ടു വയ്ക്കുന്ന ഈ സിനിമ ഒരു വഴികാട്ടിയാണോ, അതോ വെറും ഒരു വിരോധാഭാസമാണോ ?